Feb 9, 2012

മൃഗങ്ങള്‍ നീതി പാലിക്കുക...

 മൃഗങ്ങളുടെ വംശനാശം, മൃഗങ്ങളോടുള്ള  ക്രൂരത..ഇത്യാദി വിഷയങ്ങളില്‍ മനുഷ്യവംശം തല പുകച്ചു തുടങ്ങിയിട്ട് നാളേറെയായി. മൃഗ സംരക്ഷണത്തെപ്പറ്റി സ്കൂളുകളില്‍ പഠിപ്പിക്കുന്നു,..സെമിനാറുകള്‍ നടത്തുന്നു, ബോധവത്കരണം ,...ജാഥകള്‍,..അങ്ങിനെ എന്തെല്ലാം. വീട്ടിലെ കട്ടിലിന്നടിയില്‍ നിന്ന് പിടിക്കുന്ന രാജവെമ്പാലയെ വരെ കൊല്ലാതെ കാട്ടില്‍ കൊണ്ട് വിടുന്നു. കാട്ടിലെല്ലാം ബോര്‍ഡുകളാണ്.മാനുകളെ വെട്ടയാടരുത് ...പുലികളെ സംരക്ഷിക്കുക. അങ്ങിനെ പലതും.
മനുഷ്യര്‍ മൃഗങ്ങളോട് കാണിക്കുന്ന ഈ പരിഗണന അവര്‍ തിരിച്ചു തരുന്നുണ്ടോ എന്ന് കൂടി നമ്മള്‍ ആലോചിക്കണം. ചില കാര്യങ്ങള്‍ നമുക്കു പരിശോധിക്കാം.
അപൂര്‍വ ഇനം പാമ്പുകളെ മനുഷ്യര്‍ സംരക്ഷിക്കുന്നു. എന്നാല്‍ മനുഷ്യ വംശം നശിച്ചു  പോകാതിരിക്കാനായി എന്ത് നടപടിയാണ് പാമ്പുകള്‍ ഇന്നേവരെ സ്വീകരിച്ചിട്ടുള്ളത്? നാട്ടില്‍  നിന്നു പിടിക്കുന്ന  പുലികളെ കൂട്ടിലാക്കി തിരികെ കാട്ടില്‍ കൊണ്ടുപോയി വിടുന്നു.എന്നാല്‍ കാട്ടില്‍ നിന്ന് പിടിച്ച ഏതെങ്കിലും മനുഷ്യനെ പുലികള്‍ നാട്ടില്‍ കൊണ്ട് വിട്ടതായി കേട്ടിട്ടുണ്ടോ? പൂച്ചകളെയും നായകളെയും മനുഷ്യര്‍ കുളിപ്പിക്കുന്നു..കുത്തിവയ്പുകള്‍ നടത്തുന്നു.എത്ര പൂച്ചകള്‍ മനുഷ്യര്‍ക്ക്‌ കുത്തിവയ്പു നടത്തിയിട്ടുണ്ട്? മൃഗസംരക്ഷണത്തിനായി എത്രയെത്ര സെമിനാറുകളും ബോധവല്‍ക്കരണങ്ങളും  മനുഷ്യര്‍ നടത്തി?മനുഷ്യരെ സംരക്ഷിക്കുവാന്‍ എത്ര മൃഗങ്ങള്‍ ഇവിടെ സെമിനാറുകള്‍ നടത്തുന്നുണ്ട്? പുലിത്തോല്‍ എടുത്തതിനും ആനക്കൊമ്പു മോഷ്ടിച്ചതിനുമൊക്കെ എത്ര പേരെ ഇവിടെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ പുലി കടിച്ചതിനും ആന കുത്തിയതിനുമൊന്നും ഇവിടെ ഒരു കേസുമില്ല. ഒരു പുലിയേയും അറസ്റ്റു ചെയ്യുന്നുമില്ല. ഈ അനീതി അവസാനിപ്പിക്കണം.മൃഗങ്ങള്‍ക്ക് ലഭിക്കുന്ന ഇത്തരം പരിഗണനകള്‍ നിര്‍ത്തലാക്കണം. അതിനായി ഈ ലോകത്തിലെ എല്ലാ മനുഷ്യ സ്നേഹികളും ഒന്നിക്കണം. ജയ്‌ ഹിന്ദ്‌ !


No comments:

Post a Comment