Apr 29, 2010

ഒരു മാനസപുത്രിയും ആയിരം കോടിയും by Sajhu Mathew


പണ്ട് ഹിന്ദി സീരിയലുകളിലെ ഡയലോഗുകള്‍ കേട്ട് ഞാന്‍ അന്തം വിട്ടു പോയിട്ടുണ്ട്. 500 കോടി അയാള്‍ക്കു കൊടുക്കൂ,500 കോടി ഇയാള്‍ക്ക് കൊടുക്കൂ എന്നൊക്കെയാണ് ആ ഡയലോഗുകള്‍.ഇത്രയും കാശിന്‍റെ ഇടപാടുകളാണ് ഇവര്‍ നടത്തുന്നതെന്ന് എന്നെഴുതാന്‍ തിരക്കഥാകൃത്തിനു എങ്ങനെ കഴിയുന്നു? കാര്യം നിസ്സാരം. കോടി എന്നെഴുതിയ ആ പേന കൊണ്ട് രൂപ എന്ന് ഒന്ന് എഴുതി നോക്കു. രണ്ടിലും രണ്ടക്ഷരം.മഷി ഒരേ അളവില്‍. പക്ഷെ വെറുതെ പാലില്‍ വിഷം കലക്കലും, അമ്മായമ്മ പീഡനവും, ഒരച്ഛന്‍ രണ്ടമ്മ കഥകളും ഒക്കെയായി മുന്നേറിക്കൊണ്ടിരുന്ന നമ്മുടെ പാവം മലയാളം സീരിയലില്‍ ഇത്തരം IPL സ്റ്റൈല്‍ കണക്കുകള്‍ ഒന്നും വന്നിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു മാനസപുത്രിയുടെ ബാങ്ക് അക്കൌണ്ടില്‍ അതാ കിടക്കുന്നു ഒരു ആയിരം കോടി!!തീര്‍ന്നില്ല. തൊട്ടടുത്ത സീരിയലിലെ നായികയുടെ അക്കൌണ്ടില്‍ ആയിരത്തി അഞ്ഞൂറു കോടി!ഇന്ത്യക്ക് ക്രയോജനിക് റോക്കറ്റ്‌ വിക്ഷേപിക്കാന്‍ ചിലവായത് 335 കോടിയാണ് എന്നോര്‍ക്കണം .എങ്കിലും ഈ ആയിരം കോടിയുടെ കണക്കു പറഞ്ഞു ഇത്തരം മഹത്തായ കലാസൃഷ്ടികളെ വിമര്‍ശിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരോടു ഗ്ലോറി ചോദിക്കും.സത്യത്തില്‍ എന്താണ് ഈ സീരിയല്‍? ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അന്നന്ന് അതേപടി പകര്‍ത്തി ദിവസേന ടിവിയില്‍ കാണിക്കുന്നതല്ലേ ഈ സീരിയല്‍? സംഭവം എളുപ്പമാണ്.ആദ്യം തന്നെ വഴക്കും വക്കാണവും നടക്കുന്ന ഒരു വീട് കണ്ടെത്തണം.ഇവിടത്തെ സംഭവങ്ങളാണ് നമ്മള്‍ ഇനി എഴുതാന്‍ പോകുന്നത്.കഥ ആ വീട്ടിലെ ആണെന്കിലും അല്ലറ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തണം.ഉദാഹരണത്തിന്,ഗൃഹനാഥന്‍ രാജേട്ടന് പെട്ടിക്കട യാണെങ്കിലും 'രാജേട്ടന്റെ പെട്ടിക്കട'എന്ന് പറയരുത്.രാജന്‍&രാജന്‍ അസോസിയേറ്റ്‌സ് എന്നെ പറയാവൂ.വീട്ടിലെ എല്ലാവരുടെയും വേഷം അടിപോളിയായിരിക്കണം.തൊഴുത്തില്‍ ചാണം വാരുന്ന സീന്‍ ആയാലും,വേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടിക്കു പോകുന്നതായിരിക്കണം.രാജേട്ടന്റെ വീട്ടിലെ പ്രാതലിന് കഞ്ഞിയും പയറുമാണെങ്കിലും നമ്മുടെ വീട്ടിലെ മേശയില്‍, ഇഡ്ഡലി,ദോശ,ഉഴുന്നുവട,ചിക്കന്‍,മട്ടന്‍,ചപ്പാത്തി,പൂരി,പൊറോട്ട,ആപ്പിള്‍,ഓറഞ്ച്,മുന്തിരി എല്ലാം വേണം.സംഗതി ഇങ്ങിനെ മഹാ ആഡംബരം ഒക്കെയാണെങ്കിലും ഒരു പാവപ്പെട്ട വീട് ഈ സീരിയലില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.അവിടെ അഷ്ടിക്കു വകയില്ലാത്ത ഒരച്ഛനും രണ്ടു മൂന്നു പെണ്മക്കളും വേണം.സെന്‍റിമെന്‍റ്സ് വര്‍ക്ക് ഔട്ട്‌ ചെയ്യാനാണ് ഇത്. അവസാനമായി,സീരിയലിന്‍റെ പേര്.ഇതാണ് ഏറ്റവും പ്രധാനം.കണ്ണീര്‍,സ്ത്രീ,ദുഃഖം,മാനസം,പുത്രി തുടങ്ങിയ വാക്കുകള്‍ തിരിച്ചും മറിച്ചും ഇട്ടാല്‍ അതും റെഡി. ശുഭം.

Apr 25, 2010

തൂങ്ങും രാജു by Sajhu Mathew


രാജു മോന്‍ തൂങ്ങുകയാണ്.കാണുന്ന കമ്പിയിലും കയറിലും ഒക്കെ. കഴിഞ്ഞ ദിവസം രാജുമോ ന്‍റെ അച്ഛന്‍ അവനു pomplan വാങ്ങിക്കൊടുത്തിരുന്നു.അതിനു ശേഷമാണു ഈ തൂങ്ങല്‍ തുടങ്ങിയത്.മോന്‍ തടിവക്കാനും ഉയരം വക്കനുമാണ് അച്ഛന്‍ plomplan വാങ്ങിക്കൊടുത്തത്.pomplan കഴിച്ചാല്‍ ഉടന്‍ ഉയരം വക്കുകയാണോ അതോ pomplan കുട്ടിയില്‍ തൂങ്ങാനുള്ള പ്രചോദനം ഉണ്ടാക്കുകയും അങ്ങനെ തൂങ്ങുകവഴി കുട്ടി ഉയരം വക്കുകയും ചെയ്യുകയാണോ എന്ന് അച്ഛന് പൂര്‍ണ നിശ്ചയം ഇല്ലായിരുന്നു. എന്തായാലും പ്ലോമ്പ്ലാന്‍റെ ഗുണമേന്മയെ ക്കുറിച്ച് അച്ഛന് സംശയം ഉണ്ടായിരുന്നില്ല . കാരണം അച്ഛന്‍ അതിന്റെ പരസ്യം ടിവിയില്‍ കണ്ടിട്ടുണ്ട്.pomplan മഹത്തായ ഒരു ഹെല്‍ത്ത്‌ ഡ്രിങ്ക് ആണെന്നു ,ഒരു ശാസ്ത്രജ്ഞന്‍,ഒരു ലാബറട്ടറി യില്‍ വച്ച് അതില്‍ പ്രഖ്യാപിക്കുന്നുണ്ട്.രാജു മോനെ തടി വെപ്പിയ്ക്കാന്‍ ഇങ്ങനെ ശ്രമം നടക്കുന്നുണ്ടെങ്കിലും രാജു മോന്‍റെ അച്ഛന്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ്.അതിനായി ഇപ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്നത് അവണ തൈലമാണ്.വാസ്തവത്തില്‍ ഈ അവണ തൈലം മനുഷ്യകുലത്തിനു ലഭിച്ചിട്ടുള്ള ഒരു അമൂല്യ വരദാനമാണ്.എക്സര്‍സൈസ് വേണ്ട ഒന്നും വേണ്ട.അവണ തൈലം ശരീരത്തിന്‍റെ ഏതു ഭാഗത്ത് തേക്കുന്നോ അവിടെ അപ്പോള്‍ത്തന്നെ തടി കുറഞ്ഞു മെലിഞ്ഞു സുന്ദരമാകും.ഉദാഹരണത്തിന് വയറില്‍ തേച്ചാല്‍ ഉടന്‍ വയര്‍ ചെറുതായി six pack ആകും.പക്ഷെ വയറില്‍ തേക്കുമ്പോള്‍ തേക്കുന്ന കയ്യും അതോടുകൂടി ശുഷ്കിച്ചു ചെറുതായിപ്പോ കില്ലെ എന്ന സംശയം കൊണ്ട് ഞാനിതുവരെ ഇതു പരീക്ഷിച്ചിട്ടില്ല.അവണ തൈലം ഉപയോഗിക്കുന്നതിന് മുന്‍പ് ടെലെ ഷോപ്പിങ്ങില്‍ കണ്ട ഒരുപാടു exercise യന്ത്രങ്ങള്‍ രാജുവിന്‍റെ അച്ഛന്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.അതിലും അച്ഛന് പൂര്‍ണ്ണ വിശ്വാസമായിരുന്നു. വെള്ളക്കാരി പറയുന്നത് തെറ്റാന്‍ വഴിയില്ലല്ലോ.പറയുന്നത് വെള്ളക്കാരി ആണെങ്കിലും മലയാളത്തില്‍ ഡബ്ബ് ചെയ്ത ശബ്ദം കടപ്പുറം ശാന്തയുടെയോ അങ്ങാടി അമ്മിണിയുടെയോ മറ്റോ ആണ് .വെള്ളക്കാരിയെക്കൂടാതെ ഒരു മുന്‍ Mr. world ഉം ഇതിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്-അദ്ദേഹത്തിനെ വിജയത്തിന്‍റെ പടവുകള്‍ കയറാന്‍ സഹായിച്ച യന്ത്രമാണ് ഇത് എന്നെല്ലാം.രണ്ടു മാസം മുന്‍പ് മാര്‍ക്കറ്റില്‍ ഇറങ്ങിയ ഈ യന്ത്രം 1970 ലെ Mr. world ആകാന്‍ അദ്ദേഹത്തെ സഹായിച്ചു എന്നത് വിശ്വസിക്കാതിരിക്കാന്‍ യാതൊരു കാരണവും നമ്മുടെ മുന്‍പില്‍ ഇല്ല.ഈ ഉപകരണം ഉപയോഗിക്കാന്‍ എത്ര എളുപ്പമാണെന്നും മറ്റുള്ളവ ഉപയോഗിക്കുന്നവ എത്ര ദുഷ്കരമാനെന്നും അദ്ദേഹം വിവരിച്ചു. മറ്റുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു ആളുകള്‍ മറിഞ്ഞു വീഴുന്നതും നടു ഉളുക്കുന്നതുമായ രംഗങ്ങള്‍ കാണിക്കുകയും ചെയ്തു.എന്തായാലും രാജുമോന്‍ തൂങ്ങള്‍ തുടരുകയാണ്.ഒരു കാര്യത്തിലെ അച്ഛന് വിഷമമുള്ളൂ-pomplan കഴിക്കുന്ന കുട്ടികളുടെ ഉടുപ്പുകള്‍ ചെറുതാകും എന്നുള്ള കാര്യത്തില്‍.