May 5, 2010

കറ നല്ലതാണ്. by Sajhu Mathew


തന്റെ ഷര്‍ട്ടില്‍ പറ്റിയ കറ ജിത്തുമോന്‍ അത്ര കാര്യമാക്കിയില്ല.കറ കൊണ്ട് നല്ലതു സംഭവിക്കുന്നെങ്കില്‍ കറ നല്ലതല്ലേ എന്നാണ് അവന്‍ ചിന്തിച്ചത്.കറ പറ്റിയത് ഇങ്ങിനെയാണ്. ദുഖിച്ചിരുന്ന ഒരു അമ്മൂമ്മയെ സന്തോഷിപ്പിക്കാനായി ജിത്തുമോന്‍ ചെളിയില്‍ കിടന്നുരുണ്ടു.അങ്ങിനെ വെണ്മയുടെ പര്യായമായിരുന്ന ജിത്തുമോന്റെ ഷര്‍ട്ട്‌,ചളി പിടിച്ച് കറുത്ത് നാശമായി.കറ നല്ലതാണ്,കറ നല്ലതാണു എന്ന് ഉരുവിട്ടുകൊണ്ട് വീട്ടിലെത്തിയ ജിത്തുമോന് ഉണ്ടായ അനുഭവം പക്ഷെ അത്ര നല്ലതായിരുന്നില്ല. പ്രമുഖ കമ്പനിയുടെ സോപ്പുകൊണ്ട് രണ്ടു നേരമാണ് അമ്മ ജിത്തുമോനെ കുളിപ്പിചിരുന്നത്. എത്ര കുളിപ്പിച്ചിട്ടും പക്ഷെ,പരസ്യത്തിലെ കുട്ടിയുടെ ശരീരത്തിനു ചുറ്റും വരുന്ന പ്രകാശ സുരക്ഷാ വലയം എന്തുകൊണ്ട് തന്റെ മകന്റെ ചുറ്റും വരുന്നില്ല എന്ന് ചിന്തിച്ചു ടെന്‍ഷന്‍ അടിച്ചുകൊണ്ടിരുന്ന ആ അമ്മക്ക്,ജിത്തുമോന്റെ'കറ നല്ലതാണു'എന്ന വിപ്ലവ ആശയം തീരെ ദഹിക്കുമായിരുന്നില്ല. ജിത്തുമോനു കണക്കിന് കിട്ടുകയും ചെയ്തു.

ജിത്തുമോനു ഉണ്ടായ ഏതാണ്ട് ഇതേ അനുഭവം തന്നെയാണ് മേട്ട ഷാജിക്കും ഉണ്ടായത്.അന്നത് മറ്റൊരു പരസ്യമായിരുന്നു.പരസ്യത്തിലെ ഐഡിയ ഉഗ്രനായിരുന്നു.'വാട്ട് ആന്‍ ഐഡിയ സര്‍ജി'എന്ന് പറഞ്ഞത് പോലെ അത് ഒരു ഒന്നൊന്നര ഐഡിയ തന്നെ ആയിരുന്നു.സംഗതി ഇതാണ്.ആരെയും നിന്നുകൊണ്ടോ,ഇരുന്നുകൊണ്ടോ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക. ആരെങ്കിലും എവിടെയെങ്കിലും ഇങ്ങനെ സ്വസ്ഥമായി ഇരുന്നു സംസാരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍,ഉടനെ തന്നെ അവരെ പരമാവധി ഉപദ്രവിച്ചു,ഓടിക്കുക. അങ്ങിനെ ഇവരെല്ലാം ഇങ്ങിനെ വാലിനു തീ പിടിച്ചതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു നിര്‍വൃതി അടയുക. വീല്‍ ചെയറില്‍ ഇരിക്കുന്ന ആളായാല്‍ പോലും എണീറ്റു നടന്നുകൊള്ളനം.അല്ലെങ്കില്‍ അതുവരെ അവരുടെ ചെവിയില്‍ 'walk and talk..walk and talk..'എന്ന് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കും..ഇത് വളരെ ഉദാത്തവും ഉത്കൃഷ്ടവുമായ ഒരു ഐഡിയ ആണെന്നുള്ളതില്‍ ഒട്ടും തര്‍ക്കമില്ല. പല സാധുക്കളിലും മേട്ട ഷാജി ഇത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. പക്ഷെ അവസാനം,വയര്‍ലെസ്സില്‍ സംസാരിച്ചുകൊണ്ടുനിന്ന ഒരു പോലിസുകാരനില്‍ നടത്തിയ പരീക്ഷണമാണ് മേട്ടഷാജിക്ക് വിനയായത്. അത് ഷാജിയുടെ വിജയഗാഥക്ക് അന്ത്യം കുറിക്കുകയും ചെയ്തു.

വെള്ളച്ചാട്ടത്തിനു മുകളിലൂടെ ബൈക്ക് ചാടിക്കുന്നതും,പാറക്കെട്ടിന് മുകളില്‍ നിന്ന് കയറില്‍ തൂങ്ങി വരുന്നതുമോക്കെയായ പരസ്യങ്ങള്‍ കാണിക്കുമ്പോള്‍, താഴെ 'dont try this at home' എന്ന് എഴുതിക്കാണിക്കുന്നതു പോലെ, ഇത്തരം പരസ്യങ്ങളുടെ അടിയിലും ഇങ്ങനെ എന്തെങ്കിലുമൊക്കെ എഴുതിക്കാണിച്ചാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ ജിത്തുമോനും മേട്ട ഷാജിക്കും ഉണ്ടായ അനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയെ ഉള്ളൂ.