Aug 28, 2011

കലങ്ങീലാ....


“കലങ്ങീലാ......” ഇതു പറഞ്ഞതാരാ? ആരാ? പലരും പറഞ്ഞിട്ടുണ്ട്. പണ്ട് അമ്മ ഹോര്‍ലിക്ക്സ് കലക്കിത്തന്നപ്പോള്‍  ഞാന്‍ പറഞ്ഞിട്ടുണ്ട്. മീന്‍ പിടിക്കാന്‍ കുളം കലക്കിയപ്പോള്‍ മീന്‍ പിടുത്തക്കാര്‍ പറഞ്ഞിട്ടുണ്ട്.  എന്നിട്ട് വല്ലതും സംഭവിച്ചോ? ഇല്ല. എന്നാല്‍ ഇതേ വാചകം മറ്റൊരാള്‍ പറഞ്ഞപ്പോള്‍ അതു സൂപ്പര്‍ ഹിറ്റായി. അതാരാ? അതാണു ജഗതി.
ആ നിലവിളി ശബ്ദമിടോ............” എന്നു പറഞ്ഞാല്‍ മലയാളികള്‍ പേടിക്കുമോ? ഇല്ല. അവര്‍ ചിരിക്കും. ആ ശബ്ദം അവര്‍ക്കറിയാം. ആംബുലന്‍സിന്‍റെ ശബ്ദമാണ്.
‘ഗെറ്റ് ഔട്ട്‌’ എന്നു പലരും പറഞ്ഞിട്ടുണ്ട്. മലയാളികളും ഇംഗ്ലീഷുകാരും അമേരിക്കക്കാരും ഒക്ക.
‘ഔട്ട്‌ ഹൌസ്’  എന്നും ഇവരൊക്കെയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ‘ഗെറ്റ് ഔട്ട്‌ ഹൌസ്’ എന്ന് ഒരുമിച്ച് ഒറ്റയടിക്ക് ആദ്യമായി പറഞ്ഞ ഒരാളേ ഉള്ളൂ. അതാണ് ജഗതി.
”കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി” ഇങ്ങനെ ഒരു പഴംചോല്ല് പണ്ട്  മലയാളത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. എന്നാല്‍ ജഗതിക്ക് ശേഷം മലയാളത്തില്‍ ഇങ്ങനെ ഒരു ചൊല്ല് ഉണ്ട്.
“വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി” വേലക്കാരികളെ പുകഴ്ത്താന്‍ ജഗതി സംഭാവന ചെയ്ത ഈ വാചകത്തോളം അടിപൊളി വാചകം വേറെ ഉണ്ടോ?
എന്നാലും ഇതൊക്കെ തിരക്കഥാകൃത്തിന്‍റെ  കഴിവല്ലേ എന്ന് ചോദിച്ചാല്‍ ... ശരിയാണ്. അവരുടെ കഴിവ് തന്നെയാണ്. പക്ഷെ അത് സ്ക്രീനില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ജഗതി തന്നെ വേണം. അല്ലെങ്കില്‍ സിനിമ കണ്ടു കഴിഞ്ഞാല്‍  പ്രേക്ഷകര്‍ പറയും.... “കലങ്ങീലാ”      Sajhu Mathew