Apr 29, 2010

ഒരു മാനസപുത്രിയും ആയിരം കോടിയും by Sajhu Mathew


പണ്ട് ഹിന്ദി സീരിയലുകളിലെ ഡയലോഗുകള്‍ കേട്ട് ഞാന്‍ അന്തം വിട്ടു പോയിട്ടുണ്ട്. 500 കോടി അയാള്‍ക്കു കൊടുക്കൂ,500 കോടി ഇയാള്‍ക്ക് കൊടുക്കൂ എന്നൊക്കെയാണ് ആ ഡയലോഗുകള്‍.ഇത്രയും കാശിന്‍റെ ഇടപാടുകളാണ് ഇവര്‍ നടത്തുന്നതെന്ന് എന്നെഴുതാന്‍ തിരക്കഥാകൃത്തിനു എങ്ങനെ കഴിയുന്നു? കാര്യം നിസ്സാരം. കോടി എന്നെഴുതിയ ആ പേന കൊണ്ട് രൂപ എന്ന് ഒന്ന് എഴുതി നോക്കു. രണ്ടിലും രണ്ടക്ഷരം.മഷി ഒരേ അളവില്‍. പക്ഷെ വെറുതെ പാലില്‍ വിഷം കലക്കലും, അമ്മായമ്മ പീഡനവും, ഒരച്ഛന്‍ രണ്ടമ്മ കഥകളും ഒക്കെയായി മുന്നേറിക്കൊണ്ടിരുന്ന നമ്മുടെ പാവം മലയാളം സീരിയലില്‍ ഇത്തരം IPL സ്റ്റൈല്‍ കണക്കുകള്‍ ഒന്നും വന്നിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു മാനസപുത്രിയുടെ ബാങ്ക് അക്കൌണ്ടില്‍ അതാ കിടക്കുന്നു ഒരു ആയിരം കോടി!!തീര്‍ന്നില്ല. തൊട്ടടുത്ത സീരിയലിലെ നായികയുടെ അക്കൌണ്ടില്‍ ആയിരത്തി അഞ്ഞൂറു കോടി!ഇന്ത്യക്ക് ക്രയോജനിക് റോക്കറ്റ്‌ വിക്ഷേപിക്കാന്‍ ചിലവായത് 335 കോടിയാണ് എന്നോര്‍ക്കണം .എങ്കിലും ഈ ആയിരം കോടിയുടെ കണക്കു പറഞ്ഞു ഇത്തരം മഹത്തായ കലാസൃഷ്ടികളെ വിമര്‍ശിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരോടു ഗ്ലോറി ചോദിക്കും.സത്യത്തില്‍ എന്താണ് ഈ സീരിയല്‍? ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അന്നന്ന് അതേപടി പകര്‍ത്തി ദിവസേന ടിവിയില്‍ കാണിക്കുന്നതല്ലേ ഈ സീരിയല്‍? സംഭവം എളുപ്പമാണ്.ആദ്യം തന്നെ വഴക്കും വക്കാണവും നടക്കുന്ന ഒരു വീട് കണ്ടെത്തണം.ഇവിടത്തെ സംഭവങ്ങളാണ് നമ്മള്‍ ഇനി എഴുതാന്‍ പോകുന്നത്.കഥ ആ വീട്ടിലെ ആണെന്കിലും അല്ലറ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തണം.ഉദാഹരണത്തിന്,ഗൃഹനാഥന്‍ രാജേട്ടന് പെട്ടിക്കട യാണെങ്കിലും 'രാജേട്ടന്റെ പെട്ടിക്കട'എന്ന് പറയരുത്.രാജന്‍&രാജന്‍ അസോസിയേറ്റ്‌സ് എന്നെ പറയാവൂ.വീട്ടിലെ എല്ലാവരുടെയും വേഷം അടിപോളിയായിരിക്കണം.തൊഴുത്തില്‍ ചാണം വാരുന്ന സീന്‍ ആയാലും,വേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടിക്കു പോകുന്നതായിരിക്കണം.രാജേട്ടന്റെ വീട്ടിലെ പ്രാതലിന് കഞ്ഞിയും പയറുമാണെങ്കിലും നമ്മുടെ വീട്ടിലെ മേശയില്‍, ഇഡ്ഡലി,ദോശ,ഉഴുന്നുവട,ചിക്കന്‍,മട്ടന്‍,ചപ്പാത്തി,പൂരി,പൊറോട്ട,ആപ്പിള്‍,ഓറഞ്ച്,മുന്തിരി എല്ലാം വേണം.സംഗതി ഇങ്ങിനെ മഹാ ആഡംബരം ഒക്കെയാണെങ്കിലും ഒരു പാവപ്പെട്ട വീട് ഈ സീരിയലില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.അവിടെ അഷ്ടിക്കു വകയില്ലാത്ത ഒരച്ഛനും രണ്ടു മൂന്നു പെണ്മക്കളും വേണം.സെന്‍റിമെന്‍റ്സ് വര്‍ക്ക് ഔട്ട്‌ ചെയ്യാനാണ് ഇത്. അവസാനമായി,സീരിയലിന്‍റെ പേര്.ഇതാണ് ഏറ്റവും പ്രധാനം.കണ്ണീര്‍,സ്ത്രീ,ദുഃഖം,മാനസം,പുത്രി തുടങ്ങിയ വാക്കുകള്‍ തിരിച്ചും മറിച്ചും ഇട്ടാല്‍ അതും റെഡി. ശുഭം.

No comments:

Post a Comment